ആദ്യമായി എഴുതിയൊരു ചെറുകഥയാണ്.തെറ്റുകൾ ധാരാളം ഉണ്ടാവും.എല്ലാവരും വായിക്കുമെന്നും പ്രോത്സാഹിപ്പിക്കുമെന്നും കരുതുന്നു 😊🙏
വഴിയമ്പലങ്ങൾ തേടി
✒️: Anandu Jayan
സായാഹ്നവേളയിൽ ശാന്തസമുദ്രത്തിൽ
ചുവപ്പണിഞ്ഞു മറയുന്ന അസ്തമയ
സൂര്യൻ.ചെറുതും വലുതുമായി അലയടിച്ചു
കരയെ പുൽകുന്ന തിരമാലകൾ. ഉള്ളിലൊരു കടലാഴത്തിൽ ചിന്തകളുമായി നീലനീരാഴിപ്പരപ്പിൽ മറയുന്ന പകലോനെ നോക്കി അയാൾ നിന്നു. പോകുവാൻ ഇനിയുമേറെ ദൂരമുണ്ട്. പിന്നിട്ടവഴികളിലെങ്ങോ തങ്ങിയ വഴിയമ്പലങ്ങളിൽ കണ്ടുമുട്ടിയവരെ അയാൾ ഓർത്തു. വഴിയമ്പലങ്ങളിൽ നിന്നും വഴിവിളക്കുകളായി കിട്ടിയവർ.അലയടിക്കുന്ന തിരമാലകളെ നോക്കി അയാൾ ഓർത്തു കരയ്ക്കു തിരയെന്നപോലെ ആ വഴിവിളക്കുകൾ എന്നും കൂടെയുണ്ടായിരുന്നെങ്കിലെന്ന്.പകലോൻ പൂർണ്ണമായി മറഞ്ഞതും ഇരുട്ട് വീണതും അയാൾ അറിഞ്ഞില്ല. പിന്നിട്ട കാതങ്ങൾ സമ്മാനിച്ച കടലോളം ഓർമ്മകളിൽ സ്വയം മറന്ന് അയാൾ നിന്നു. എപ്പോഴോ അയാൾ തന്റെ ചിന്തകൾ വിട്ടുണർന്നു. രാത്രി തീവ്രമായ കറുപ്പണിഞ്ഞിരിക്കുന്നു. ഒരുപാട് ദൂരം പിന്നിടേണ്ടിയിരിക്കുന്നു എന്ന യാഥാർഥ്യം ഭൂതകാലസ്മരണകളിൽ ലയിച്ച അയാൾ മറന്നിരുന്നു. പെട്ടെന്ന് അയാളുടെ മനസ്സിൽ തിരിച്ചറിവിന്റെ ഒരു ഭീമൻ തിരമാല ഏകമായ ഒരു ചിന്തയുടെ രൂപത്തിൽ അലയടിച്ചു. അയാൾ സ്വയം മന്ത്രിച്ചു. എന്റെ ശബ്ദത്തിന് ചിറകുകൾ സമ്മാനിച്ച എന്റെ നാവിനും, ചുണ്ടുകൾക്കും എന്റെ ശബ്ദത്തിനെ അനുഗമിക്കാൻ കഴിയുന്നില്ലല്ലോ. അത് ഏകമായി തന്നെ അന്തരീക്ഷത്തിൽ സഞ്ചരിച്ച് അതിന്റെ ലക്ഷ്യം നിറവേറുന്നു.തൽക്ഷണം അയാൾ തന്റെ കാലടികൾ മുൻപോട്ട് വെച്ച് രാത്രിയുടെ തീവ്രമായ കറുപ്പിനെ കീറിമുറിച്ച് യാത്ര തുടർന്നു.
പുലരൊളി അയാളെ
പുൽകിയുണർത്തിയത്
തുഷാരഹാരമണിഞ്ഞ ഒരു
കുന്നിൻമുകളിലായിരുന്നു.
ഇരുട്ടിലെപ്പോഴോ നടന്നുതളർന്നപ്പോൾ
വിശ്രമിച്ചതാണവിടെ.പുലർകാലത്തെ
നയനമനോഹരമായ ദൃശ്യം വെറും
സ്വപ്നമാണോ എന്നയാൾ ഓർത്തു.
ഒരു നിമിഷം അയാൾ മിഴികൾ ചിമ്മിയടച്ചു.
ഹിമകണങ്ങൾ പൊഴിയുന്ന തണുത്തുറഞ്ഞ
വെളുപ്പാംകാലം, മലയിറങ്ങിപോകുന്ന
മകരകാറ്റിൽ അയാളുടെ നീളൻമുടി
പാറിപ്പറന്നു.ഏറ്റവും പ്രിയപ്പെട്ട എന്തോ
ഒന്നിൽ എത്തിനിൽക്കുംപോലെ ഒരു പ്രഭ
ആ മുഖത്ത് വിടർന്നു. തിരികെ കിട്ടാൻ
ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടാവണം അയാൾ.
നാൾവഴികളിലെങ്ങോ ഇതേപോലെ ഒരു
കുന്നിൻമുകളിൽ പെയ്തൊഴിഞ്ഞ മഞ്ഞും
മഴയും കാറ്റുമെല്ലാം അയാൾക്ക് സമ്മാനിച്ച
എത്രയും പ്രിയപെട്ടവർ, പ്രിയപ്പെട്ട നിമിഷങ്ങൾ..
അത്രമാത്രം അയാൾ എല്ലാത്തിനെയും
സ്നേഹിച്ചിരുന്നിരിക്കണം.അയാൾ സ്വയം
മറന്നു നിൽക്കുകയാണ് ഈ കുന്നിൻമുകളിൽ.
ഒരുപക്ഷെ ഒരുവട്ടംകൂടി മധുരമുള്ള ഓർമ്മകളായി
മാറിയ ആ നിമിഷങ്ങളിൽ ജീവിക്കാൻ അത്രമേൽ
അയാൾ ആഗ്രഹിക്കുന്നുണ്ടാവും.പോകുവാനേറെ
ദൂരം മുന്പിലുള്ളപ്പോഴും യാത്രയ്ക്ക് ദിക്കും ദിശയും
നൽകിയ വഴിവിളക്കുകളെ,യാത്രയിൽ
അയാൾക്കേറ്റവും പ്രിയമേറിയ ആ വഴിയമ്പലത്തെ
തിരികെ കിട്ടിയിരുന്നെങ്കിൽ എന്നോർത്ത് അയാൾ നിന്നു.
ഇനിയും കാതങ്ങൾ പിന്നിടാനുള്ള ഒരു സഞ്ചാരിയായി..
കാറ്റിന്റെ ഗതി ശക്തമായതും ആകാശം
കാർമേഘങ്ങൾ കയ്യടിക്കിയതും അയാൾ അറിഞ്ഞില്ല.ഓർമ്മകൾ പെയ്തിറങ്ങുകയാണ് അയാളുടെ മനസ്സിൽ. ആ പേമാരിയിൽ നനഞ്ഞയാൾ നിന്നു.പിന്നെയും ഒരുപാട് നേരം.
യാത്ര തുടരണം. എത്തിച്ചേരേണ്ട ഇടം നിശ്ചയിച്ചിട്ടില്ല. എങ്കിലും കാതങ്ങൾ പിന്നിടാനുണ്ടെന്ന് അയാൾ ഓർത്തു. തലവെച്ചുറങ്ങിയ തോൾസഞ്ചി കയ്യിലേന്തി, യാത്രപറയുംപോലെ പുൽച്ചെടികളെ തലോടി, നയനമനോഹരമായ ആ പുൽമേടിനെ ഒന്ന് തിരിഞ്ഞുനോക്കി അടുത്ത വഴിയമ്പലം തേടി അയാൾ നടന്നു നീങ്ങി.മഴ ഏറെ പ്രിയമാണയാൾക്ക്. സ്നേഹവും, സന്തോഷവും, പ്രണയവും, ദുഖവും, വിരഹവുമെല്ലാം ആർത്തലച്ചുപെയ്യുന്ന പേമാരി പോലെ അനുഭവിച്ചതെല്ലാം അയാൾ ഓർത്തു. വഴിയിലെങ്ങോ ആരെയോ കാത്തു നിൽക്കും പോലെ ഒരു തുളസിച്ചെടി അയാളെ മാടിവിളിച്ചു. നാൾവഴികളിലെങ്ങോ തനിക്കേറ്റവും പ്രിയമുള്ളതായി മാറിയതിന്റെ അടുത്തേക്കാണ് തന്നെ ആ തുളസിച്ചെടി വിളിച്ചതെന്ന് അയാൾ അറിയാതെ അറിഞ്ഞു.
സായംസന്ധ്യയിൽ ഈറൻമുടിയിൽ തുളസിമലർ ചൂടി തുളസിത്തറയിൽ തിരിതെളിയിച്ച ശ്രീദേവിയെ അയാൾ ഓർത്തു.
തുളസീമലരിതളുപോലെ ആ തുളസിച്ചുവട്ടിൽ അയാളുടെ മനസ്സ് വീണലിഞ്ഞു..
എവിടെയെത്തിചേരണമെന്ന് അയാൾ നിശ്ചയിച്ചിരുന്നില്ല. പക്ഷെ വഴിയിൽ കണ്ട
തുളസി കതിരുകൾ തന്റെ പ്രിയയായിരുന്ന ശ്രീദേവിയെ തേടി പോകാൻ അയാളെ നിർബന്ധിതനാക്കി. മനസ്സൊരു തുളസി തോട്ടമാക്കി അയാൾ യാത്ര തുടർന്നു. തന്റെ ശ്രീദേവിയെ തേടി. ദിക്കും ദിശയുമെല്ലാം ആരോ മുൻപിൽ തെളിച്ചിടും പോലെ അയാൾക്ക് തോന്നി. പ്രിയമായതെന്തും തേടിയുള്ള യാത്രയിൽ കണ്ടെത്താനുള്ള ആഗ്രഹം ആത്മാർത്ഥവും നിഷ്കളങ്കവുമാണെങ്കിൽ ദിക്കും ദിശയുമെല്ലാം തെളിയിക്കാൻ വഴിവിളക്കുകളായി ഒരുപാട് പേർ
എത്തുമെന്ന് അയാൾക്ക് മനസ്സിലായി.
മനസ്സിലൊരേയൊരു മുഖം മാത്രമാണിപ്പോൾ. ക്ഷീണം അയാളെ തെല്ലും അലട്ടുന്നില്ല. വേഗതയിൽ മുന്നോട്ട് പോകയാണ് അയാൾ.
മദ്ധ്യാഹ്നം പിന്നിട്ടിരിക്കുന്നു. തന്റെ ഈ യാത്ര തുടങ്ങിയത് ഒരു സായാഹ്നവേളയിലാരുന്നു എന്നയാൾ ഓർത്തു.തന്റെ പ്രിയയെ കണ്ടെത്തുന്ന നാൾ യാത്ര അവസാനിപ്പിക്കണമെന്നും അതൊരു സായംസന്ധ്യയിലാകണമെന്നും അയാളോർത്തു. കുന്നിറങ്ങി അയാൾ ചെന്നത്
മനോഹരമായ ഒരു ഗ്രാമത്തിലേക്കായിരുന്നു. ഓലമേഞ്ഞ കുടിലുകളും കോലം വരച്ച മുറ്റങ്ങളും തുളസിത്തറകളും തനിക്ക് വേണ്ടതെല്ലാം തിരികെ തരും പോലെ അയാൾക്ക് തോന്നി. തന്റെ ശ്രീദേവിയെ ഒഴികെ. നേരം സന്ധ്യയായിരിക്കുന്നു. മലയിറങ്ങി വന്ന കാറ്റും, ചക്രവാളങ്ങളിൽ മറയാൻ വെമ്പുന്ന സൂര്യനും തനിക്ക് എന്തോ സമ്മാനിക്കാൻ പോകുന്നു എന്നയാൾക്ക് തോന്നി. താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്നത് തന്നെ ആകണം അത്. അയാൾ കണ്ണുകൾ ചിമ്മിയടച്ചു. ഉമ്മറവാതിൽ കടന്നു നെറ്റിയിൽ കുറിയണിഞ്ഞു ശ്രീദേവി ആയി കുടവുമേന്തി അവൾ തുളസിയ്ക്കരികിലേക്ക് വന്നത് അയാൾ അറിഞ്ഞില്ല..തുളസിത്തറയിൽ കുടം ഇറക്കി വെച്ച് നിറകണ്ണുകളോടെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. കൃഷ്ണേട്ടാ… !!..ആ ഒറ്റവിളിയിൽ തന്റെ ശ്രീദേവിയുടെ ശബ്ദം അയാളുടെ ഹൃദയത്തിൽ മഴമേഘങ്ങളായി മാറി സന്തോഷത്തിന്റെ ഒരു പേമാരി പെയ്യിച്ചു. കണ്ണുകൾ തുറന്നയാൾ തന്റെ ശ്രീദേവിയെ കൺകുളിരെ കണ്ടു.. ലക്ഷ്മീ… !ആത്മനിർവൃതിയോടെ തന്റെ പ്രിയയെ അയാൾ നിറകണ്ണുകളോടെ വിളിച്ചു. ഓടിവന്ന് അവൾ ആ നെഞ്ചോടു ചേർന്നു. കാലങ്ങളായുള്ള അവളുടെ കാത്തിരിപ്പിന്റെ സുകൃതം മുറുകെപ്പിടിക്കുംപോലെ.
വഴിവിളക്കായവരെ ഒരിക്കലും മറക്കാതെ വഴിയമ്പലങ്ങൾ തേടിയുള്ള കൃഷ്ണന്റെ യാത്ര ഇവിടെ പര്യവസാനിക്കുന്നു !
– അനന്ദു ജെ